വടകര നഗരസഭയിലെ തീരദേശ വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; ജനങ്ങൾ ദുരിതത്തിൽ


വടകര: നഗരസഭയിലെ തീരദേശ വാർഡുകളായ അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല, മുകച്ചേരി, കുരിയാടി വാർഡുകളിൽ കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി പരാതി. കൂരങ്കോട്ട് കടവിൽ ഗുളികപ്പുഴ വെള്ളം ശുദ്ധീകരിച്ച് പൈപ്പ് വെള്ളം ഉപ്പ് കയറി കുടിക്കാൻ കഴിയാതെ മാസങ്ങളായിട്ടും ഇതു പരിഹരിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു ചലനവുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് കുടിവെള്ളം വിതരണത്തിന്റെ ചുമതലയെന്നിരിക്കെ തീരദേശവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഇതുവരെയും ഒരു നടപടിയുമുണ്ടായില്ല എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അമൃത്.02 പദ്ധതി പ്രകാരം എല്ലാ വീടുകളിലേക്കും കുടിവെള്ള വിതരണം എങ്ങുമെത്താതെ കടലാസിലൊതുങ്ങിയിരിക്കുകയാണെന്നും ഗുളികപുഴയിലെ ഉപ്പു കയറുന്നത് എല്ലാ വര്‍ഷവും പതിവായിട്ടും ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താകാനാത്തതുമാണ്‌ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിന് കാരണം.

വരൾച്ച ഫണ്ട് ഉപയോഗിച്ച വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും തകർന്നതും നോക്കുകുത്തിയായി നിൽക്കുന്നല്ലാതെ വെള്ളം നിറക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. കിയോസ്കുകൾ നിറക്കുന്നതിന് കൊണ്ടുവരുന്ന വെള്ളം ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നില്ലെന്നതും പ്രയാസമുണ്ടാക്കുന്നു. നിലവില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും വാർഡുകളിൽ ആയിരം ലിറ്ററിന്റെയും രണ്ടായിരം ലിറ്ററിന്റെയും വാട്ടർ ടാങ്കുകളുടെ കിയോസ്കുകളിൽ പണം നൽകി വെള്ളം നിറച്ച് താത്കാലികമായി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയാണ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍.

കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ നഗരസഭയിലേക്കും വാട്ടർ അതോറിറ്റി കാര്യാലയത്തിലേക്കും
വലിയ പ്രതിഷേധ സമരം നടത്തുമെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി പറഞ്ഞു. വി.കെ അസീസ്, പിവി ഹാഷിം, പികെസി അഫ്സൽ, എ പ്രേമകുമാരി, സിവി പ്രദീഷൻ എന്നിവർ സംസാരിച്ചു.