പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാറുണ്ടോ, പേരയ്ക്ക കഴിക്കാറുണ്ടോ? ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയാം


നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഫലമാണ് പേരയ്ക്ക. മിക്ക വീടുകളില്‍ പേരയ്ക്ക ചെടിയുമുണ്ടാകും. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്കയുടെ ഫലം മാത്രമല്ല ഇലയും ഏറെ ഔഷധ ഗുണമുള്ള ഒന്നാണ്.

ജീവിതശൈലി രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്നവര്‍ക്ക് പേരയ്ക്ക ഏറെ ഗുണം ചെയ്യും. പേരയ്ക്കയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പേരയ്ക്ക കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയിലെ ഫൈബറും ആന്റി ഓക്‌സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്.

ആന്റിഓക്സിഡന്റുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാന്‍ സഹായിക്കുന്നു.

ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പേരയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പേരയ്ക്ക കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.