കച്ചവട പ്രതിസന്ധി; വടകരയിലെ വ്യാപാര നേതൃത്വവുമായി യു.ഡി.എഫ് ചര്‍ച്ച നടത്തി


വടകര: വടകരയിലെ വ്യാപാര പ്രതിസന്ധിയെ കുറിച്ച് മനസിലാക്കി കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് വടകര മുനിസിപ്പല്‍ യു.ഡി.എഫ് നേതൃത്വം വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വവുമായി ചര്‍ച്ച നടത്തി.

നഗരത്തില്‍ 2000ത്തിലധികം കടമുറികള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ദേശീയപാത വികസനം, ഗതാഗത പ്രശ്‌നം, മികച്ച ഡ്രയിനേജ് സംവിധാനത്തിന്റെ അപര്യാപ്തത, കെട്ടിടങ്ങള്‍ക്കുള്ള അമിതമായ നികുതി, പരിശ്കരിച്ചുള്ള നികുതി കുടിശ്ശിക, ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ടുള്ള കര്‍ശ്ശനമായ നിയന്ത്രണങ്ങള്‍ എന്നിങ്ങനെ പലവിധ കാരണങ്ങളെക്കുറിച്ച് വ്യാപാരികള്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.

വടകര പഴയ ബസ്റ്റാന്റും കോട്ടപ്പറമ്പും, ആഴ്ച ചന്തയും കോട്ടപ്പറമ്പ് നവീകരണത്തിന്റെ പേരില്‍ ഇല്ലാതായിട്ട് പത്ത് വര്‍ഷത്തിലധികമായി. നൂറ്റാണ്ടുകളോളം മികച്ച കച്ചവട മേഖലയായ കോട്ടപ്പറമ്പ് ശോകമൂഖമായ സാഹചര്യമാണ്. പഴയ ബസ്റ്റാന്റ് ലിങ്ക് റോഡിലേക്ക് മാറ്റിയ അശാസ്ത്രീയ നടപടിയും പ്രതിസന്ധികള്‍ക്ക് ആക്കം കൂടിയെന്നും വ്യാപാരികള്‍ പറയുന്നു.

വാടകക്കാരന്‍ തന്നെ ബില്‍ഡിങ് നികുതി അടക്കണമെന്ന നിയമം വടകരക്കാര്‍ക്ക് മാത്രമുള്ളതാണ് വടകരയിലെ ബില്‍ഡിങ് നികുതി സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ നൂറു ശതമാനമാണ് വടകര നഗര സഭ ഈടാക്കുന്നത്. ഇത്തരം സമീപനം കൊണ്ട് റൂമുകള്‍ വാങ്ങി കച്ചവടം ചെയ്യാന്‍ നിക്ഷേപകര്‍ തയ്യാറാകുന്നില്ല. ഇങ്ങനെ ഒട്ടേറെ റൂമുകള്‍ അടഞ്ഞു കിടക്കുകയാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പൊതുജന ശ്രദ്ധയില്‍ കൊണ്ട് വന്ന് പരിഹരിക്കുവാനുള്ള നീക്കങ്ങള്‍ വടകര മുനിസിപ്പല്‍ യു.ഡി.എഫ് ചെയ്യുമെന്ന് നേതൃത്വം വ്യാപാരികളെ അറിയിച്ചു.

യു.ഡി.എഫ്. നേതാക്കളായ സതീശന്‍ കുരിയാടി, എം ഫൈസല്‍, പി.എസ് രഞ്ജിത്ത് കുമാര്‍, വി.കെ പ്രേമന്‍ നഗരസഭ കൗണ്‍സിലര്‍മാരായ എ പ്രേമകുമാരി, ഹാഷിം പി.വി, അഫ്‌സല്‍ പി.കെ.സി. വ്യാപാര പ്രതിനിധികളായ അബ്ദുള്‍സലാം, ഹനീഫ എന്‍.കെ, രതീശന്‍ പി.കെ, രജിത്ത് കല്ലാട്ട്, എ.ടി.കെ സാജിദ്, മുഹമ്മദലി പി.കെ, ഒ.കെ സുരേന്ദ്രന്‍, എം.കെ. രാഘൂട്ടി, പി.എ ഖാദര്‍, എവറസ്റ്റ് മുഹമ്മദ്, കെ.കെ അജിത്ത്, രാമചന്ദ്രന്‍, കെ.കെ അജിത്ത്, ഷംസീര്‍ സി.എച്ച് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.