അധ്യാപക നിയമനത്തിനായി ലക്ഷങ്ങള്‍ നല്‍കി വഞ്ചിച്ചെന്നാരോപണം; ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെതിരെ സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍


പയ്യോളി: അധ്യാപക നിയമനത്തിനായി ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലിയും പണവും നല്‍കാതെ വഞ്ചിച്ച സ്‌കൂളിനെതിരെ സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപക നിയമനത്തിനായാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പണം വാങ്ങിയിരുന്നത്.


26 പേരില്‍ നിന്നായി 13 ലക്ഷം മുതല്‍ 18 ലക്ഷം വരെയായിരുന്നു ഇവര്‍ മുന്‍കൂറായി പണം വാങ്ങിയിരുന്നത്. തുകയ്ക്ക് ബോണ്ടും നല്‍കിയിട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നത്.


മുന്‍ സ്‌കൂള്‍ മാനേജരും മുസ്ലീംലീഗ് നേതാവും പയ്യോളി നഗരസഭാ കൗണ്‍സിലറുമായ അഷ്‌റഫ് കോട്ടക്കലാണ് തുക വാങ്ങിയതെന്നാണ് ആരോപണം.


സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സഹകരണ സൊസൈറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി. പി.എം വേണുഗോപാല്‍, എന്‍.ടി അബ്ദുറഹ്‌മാന്‍, ഷംസു, ഇരിങ്ങല്‍ അനില്‍ കുമാര്‍, എസ്.വി റഹ്‌മത്തുളള, പി.പി കണ്ണന്‍, കെ.കെ കണ്ണന്‍, യു.ടി കരീം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.എന്‍ അനില്‍കുമാര്‍ (ചെയര്‍മാന്‍), എന്‍.ടി അബ്ദുറഹ്‌മാന്‍ (കണ്‍വീനര്‍) എം.പി ഭരതന്‍ (ട്രഷര്‍).