ഡ്രെെവിം​ഗ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കും; മെയ് ഒന്നുമുതല്‍ ഡ്രൈവിങ്‌ടെസ്റ്റിനായി സ്ലോട്ടെടുത്തവർ വീണ്ടും അപേക്ഷ നൽകണമെന്ന് വടകര ആര്‍.ടി.ഒ


വടകര: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആര്‍.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച അപേക്ഷകരെ ഒന്നുമുതല്‍ ടെസ്റ്റിനായി പരിഗണിക്കില്ല.

മേയ് ഒന്ന് മുതലുള്ള ടെസ്റ്റിനായി നേരത്തെ തിയ്യതി ലഭിച്ച മുഴുവന്‍ അപേക്ഷകരും പുനഃക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളില്‍നിന്ന് പുതുതായി തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാകണം. നാളെ രാവിലെ 9 മണി മുതല്‍ സാരഥി സൈറ്റില്‍ പുതിയ തിയ്യതി എടുക്കാനുള്ളസൗകര്യം ലഭ്യമാകുമെന്നും അറിയിപ്പില്‍ പറഞ്ഞു.

ഒരു ദിവസം പരമാവധി 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിംഗ് ടെസ്‌റ്റിൽ പങ്കെടുപ്പിക്കുകയെന്നായിരുന്നു നേരത്തെ അറിയിച്ചത്. അതിന് അനുസരിച്ച് തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് മാത്രമാണ് നിലവില്‍ പ്രാവര്‍ത്തികമാകുന്നതെന്നാണ് സൂചനകള്‍. മേയ് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പ്രധാന വെല്ലുവിളി.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് നീക്കം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. അതേസമയം തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു.