പിതാവിന്റെ ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി, കോഴിക്കോട് മകനെതിരെ കേസ്, ഫോണ്‍ പിടിച്ചെടുത്തു


കോഴിക്കോട്: വീട്ടില്‍ നിന്നും പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മകനെതിരെ കേസ്. ചാത്തമംഗലത്താണ് സംഭവം. പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ ഹമീദിനെതിരെ കുന്നമംഗലം പോലീസാണ് കേസെടുത്തത്.

ഹമീദിന്റെ വയോധികനായ പിതാവ് മൂസയുടെ ഓപ്പണ്‍ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തന്നതിനിടെയാണ് സംഭവം.

വോട്ട് രെഖപ്പെടുത്തുന്നതിനിടെ ഇയാള്‍ സ്വന്തം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പരാതി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.