മുദ്രാവാക്യം, ബാന്‍ഡ്‌മേളം, പാട്ട്, ഡാന്‍സ്‌, ഒപ്പത്തിനൊപ്പം മുന്നണികള്‍; വടകരയില്‍ കളറായി കൊട്ടിക്കലാശം


വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌റെ അവസാനദിനത്തില്‍ വടകരയിലും ആവേശം തീര്‍ത്ത് പ്രവര്‍ത്തകര്‍. വടകരയിലെ മൂന്നിടങ്ങളിലായിരുന്നു കലാശക്കൊട്ട്. റസ്റ്റ് ഹൗസ്, ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫും, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എന്‍ഡിഎയും അഞ്ചുവിളക്ക് ജംഗ്ഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരും അണി ചേര്‍ന്നു.

ബാന്‍ഡ്‌മേളത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ കലാശക്കൊട്ട്. മൂന്ന് മണിയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ തിങ്ങി നിറഞ്ഞതായിരുന്നു പഴയ ബസ് സ്റ്റാന്റ് പരിസരം. സുരക്ഷയുടെ ഭാഗമായി പോലീസും, കേന്ദ്രസേനയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

ആയഞ്ചേരിയില്‍ വില്യാപ്പള്ളി റോഡ് ജങ്ഷനില്‍ നിന്ന് 100മീറ്റര്‍ മാറിയും, തിരുവള്ളൂരില്‍ പേരാമ്പ്ര റോഡ് ജങ്ഷനില്‍ നിന്ന് 100 മീറ്റര്‍ മാറിയുമായിരുന്നു എല്‍ഡിഎഫിന്റെ കലാശക്കൊട്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വില്യാപ്പള്ളി ടൗണില്‍ കൊട്ടിക്കലാശത്തിന് അനുമതിയില്ലായിരുന്നു. മണിയൂരിലെ കുറുന്തോടിയിലും പ്രചാരണ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

തലശ്ശേരി ടൗണിലായിരുന്നു വടകര മണ്ഡലത്തിന്റെ കൊട്ടിക്കലാശം. കൊട്ടിക്കലാശത്തില്‍ ആയിരങ്ങളാണ് ഒഴുകിയയെത്തിയത്. തിങ്ങി നിറഞ്ഞ ജനസാഗരത്തിന്‌ നടുവിലൂടെ ചുവന്ന വാഹനത്തിലേറിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊട്ടിക്കലാശത്തിന് എത്തിയത്‌. തുറന്ന ജീപ്പിന് മുകളില്‍ കയറി നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എത്തിയത്. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ കൈവീശി കാണിച്ചും അഭിവാദ്യമര്‍പ്പിച്ചുമാണ് ഷാഫി ജനങ്ങള്‍ക്ക് നടുവിലൂടെ നീങ്ങിയത്‌. രാഹുല്‍ മാങ്കൂട്ടം, വിടി ബല്‍റാം തുടങ്ങിയ നേതാക്കളും ഷാഫിക്കൊപ്പുമുണ്ടായിരുന്നു.