‘ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമങ്ങള്‍ പാസാക്കുമ്പോള്‍ യുഡിഎഫ് എംപിമാര്‍ മിണ്ടിയില്ല, വടകരയ്‌ക്കൊപ്പം എന്നും ഞാനുണ്ടാകും’: കൊട്ടിക്കലാശത്തില്‍ ശൈലജ ടീച്ചര്‍


തലശ്ശേരി: ഇത്തവണത്തെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുമ്പോള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വടകരയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. തലശ്ശേരിയിലെ കൊട്ടിക്കലാശത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ.

‘ജനകീയ നയങ്ങളൊന്നുമില്ലാത്ത യുഡിഎഫ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ ചില പ്രദേശിക പ്രശ്‌നങ്ങളെല്ലാം കുത്തിപ്പൊക്കി വൈകാരികമായി അവതരിപ്പിച്ചാല്‍ ഈ നാട്ടിലെ ജനങ്ങള്‍ അതിന്റെ പിന്നാലെ പോകുമെന്ന് കരുതി. എന്നാല്‍ അവര്‍ക്ക് തെറ്റി. ഈ നാട്ടിലെ ജനങ്ങള്‍ക്ക് അവരുടെ ജീവിതമാണ് ഏറ്റവും പ്രധാനം, ഈ രാജ്യത്തിന്റെ സമാധാനമാണ് പ്രധാനം. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷത്തിന്റെ ശബ്ദം മുഴങ്ങണമെന്ന് ഈ നാട്ടിലെ ജനം ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു.

‘ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നമ്മുടെ മതേതരത്വത്തെ തകര്‍ക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമങ്ങള്‍ പാസാക്കുമ്പോള്‍ പോലും യുഡിഎഫിന്റെ എംപിമാര്‍ മൗനം വീക്ഷിച്ചു. അത്തരത്തില്‍ മൗനം പാലിക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു എന്നാണ് ഇവിടുത്തെ വോട്ടര്‍മാര്‍ ചോദിക്കുന്നത്. കേരളത്തില്‍ നിന്നും 20 ഇടതുപക്ഷ എംപിമാരെ ജനം ഈ തെരഞ്ഞടുപ്പില്‍ ജയിപ്പിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലായി പാര്‍ലിമെന്റില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ ഇടതുപക്ഷമുണ്ടാകുമെന്നും ടീച്ചര്‍ പറഞ്ഞു.

”അക്കൂട്ടത്തില്‍ വടകര പാര്‍ലിമെന്റിലെ പ്രതിനിധിയായി എന്റെ ശബ്ദവും ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് വാക്ക് തരുന്നതായും ശൈലജ പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ കുറിച്ചു വെച്ചിട്ടുണ്ടെന്നും എംപിയായി കഴിഞ്ഞാല്‍ എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് എല്ലാവരുടെയും പിന്തുണയോട് കൂടി കേന്ദ്രഗവണ്‍മെന്റിലും പാര്‍ലിമെന്റിലുമെല്ലാം അക്കാര്യങ്ങളെല്ലാം ഉന്നയിച്ചുകൊണ്ട് പരിഹാരം കാണാന്‍ നിങ്ങളില്‍ ഒരാളായി വടകരയുടെ എംപിയായി ഞാന്‍ ഉണ്ടായിരിക്കുമെന്നും ശൈലജ പറഞ്ഞു.