നിയന്ത്രണം സുരക്ഷയുടെ ഭാഗം, എന്നാല്‍ വട്ടംകറങ്ങി ജനങ്ങള്‍; വടകരയുടെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ലൈനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായി കാല്‍നടയാത്രക്കാര്‍


വടകര: ട്രെയിനുകളുടെ വേഗതയും എണ്ണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കായി നിയന്ത്രണവുമായി റെയില്‍വെ. ഇതോടെ വടകരയിലെ വിവധ ഭാഗങ്ങളിലെ യാത്രക്കാര്‍ ദുരിതത്തില്‍. റെയില്‍വേ ലൈന്‍ മുറിച്ചുകടന്നുള്ള കാല്‍നടയാത്രയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണത്തിന്റെ ഭാഗമായി വലിയതോതില്‍ ജനസഞ്ചാരമുണ്ടായിരുന്ന വടകര ഒന്തം റോഡ്, വണ്ണാത്തി ഗേറ്റ്, മാഹി, ചോറോട് തുടങ്ങിയ സ്ഥലങ്ങളിലെ വഴികളെല്ലാം അടച്ചു. ചിറയില്‍പ്പീടിക, നാദപുരം റോഡ്, മടപ്പള്ളി എന്നിവിടങ്ങളിലെ വഴിയും വൈകാതെ തടസ്സപ്പെടും. അനുമതിയോടെ അല്ലെങ്കിലും റെയില്‍ മുറിച്ചുകടക്കാനുള്ള താത്കാലികസംവിധാനം ഇല്ലാതാവുന്നതോടെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുകയാണ്.

ഈ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം എന്ന നിലയില്‍ അടിപ്പാതകളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നുണ്ട്. മാഹിക്കും വടകരയ്ക്കും ഇടയില്‍ അഴിയൂര്‍ കക്കടവ്, പരദേവതാക്ഷേത്രം, മുക്കാളി പട്ട്യാട്ട്, മടപ്പള്ളി എന്നിവിടങ്ങളിലാണ് അടിപ്പാതയുള്ളത്. മാഹി, കുഞ്ഞിപ്പളളി എന്നിവിടങ്ങളില്‍ അടിപ്പാതയ്ക്കുള്ള ആവശ്യം വളരെ നാളായുള്ളതാണ്.

എന്നാൽ തുടങ്ങിയ പണികൾ പോലും പൂർത്തിയാവാത്ത സാഹചര്യമാണുണ്ടാവുന്നത്. നാദാപുരം റോഡ് അടിപ്പാതയുടെ പണി തുടങ്ങിയത് പാതിവഴിയിലാണ്. പൂവാടന്‍ഗേറ്റ് അടിപ്പാത നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. കുഞ്ഞിപ്പള്ളി ചിറയില്‍പ്പീടിക വഴിയടഞ്ഞാല്‍ മറ്റൊരുവഴി എളുപ്പമല്ല. അഴിയൂര്‍ മൂന്നാംഗേറ്റ്, മുക്കാളി, കണ്ണൂക്കര എന്നീ മൂന്ന് കീപ്പറുളള ഗേറ്റുകളാണ് ഈ ഭാഗത്തുള്ളവരുടെ മറ്റൊരു ആശ്രയം. അവിടെയും ഗേറ്റ് അടച്ചസമയത്ത് കാല്‍നട അനുവദനീയമല്ല. അതിനാല്‍ തന്നെ സാധ്യാമായ സ്ഥലങ്ങളില്‍ അടിപ്പാതയോ മേല്‍ നടപ്പാതാ സൗകര്യമോ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റെയില്‍വേട്രാക്കില്‍ തീവണ്ടി തട്ടിയുള്ള അപകടവും മരണവും കുറയ്ക്കാനും ഇത് സഹായിക്കും. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയ്ക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍.