അറബിയില്‍ തിളങ്ങി അനുനന്ദ, എട്ടില്‍ ആറിന്റെ മിന്നും വിജയം; തോടന്നൂര്‍ സബ് ജില്ലാ കലോത്സവത്തില്‍ താരമായി ചെമ്മരത്തൂരിന്റെ മിടുമിടുക്കി


മേമുണ്ട: അറബി ഗാനം, അറബിക് പദ്യം, അറബി സംഘഗാനം തുടങ്ങി അറബിയില്‍ ആറാടി നേടിയ വിജയമാണ് അനനുനന്ദയുടേത്. തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത എട്ട് മത്സരങ്ങളില്‍ ആറിലും ഫസ്റ്റ് എ ഗ്രേഡ് നേടി ചെമ്മരത്തൂരിന്റെ താരമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഒരു ഇനത്തില്‍ സെക്കന്റ് എ ഗ്രേഡുമുണ്ട്

ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അനുനന്ദ. ചെമ്മരത്തൂര്‍ കണിശംകണ്ടി സെയില്‍സ് മാനേജറായ വിപിന്റെയും ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഗീതാധ്യാപികയായ അസിതയുടേയും മകളാണ്.

അമ്മയാണ് അനുനന്ദയുടെ സംഗീതത്തിലേക്കുള്ള വഴി. ചെറുപ്പം മുതലേ അമ്മയ്‌ക്കൊപ്പം ഓരോ പാട്ടിന്റേയും വരികള്‍ മൂളി തുടങ്ങിയിരുന്നു അനുനന്ദ. ചെറിയ പ്രായത്തിലെ പാട്ടുപാടി കൊടുക്കുമ്പോള്‍ അത് അനുനന്ദ ഏറ്റുപാടുമായിരുന്നു എന്ന് അമ്മ പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ വേദികളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സബ്ജില്ലാ തല കലാതിലകം കൂടിയായിരുന്നു അമ്മ അസിത. പക്ഷേ ഇന്ന് മകളുടെ എല്ലാ വിജയത്തിനും പിന്നിലും അധ്യാപിക റുഖിയ ടീച്ചര്‍ ആണെന്ന് അനുനന്ദയുടെ രക്ഷിതാക്കള്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

അറബി പഠനം മകളുടെ കൂടി താല്പര്യമായിരുന്നു. ഇപ്പോള്‍ അക്ഷരങ്ങള്‍ എല്ലാം അറിയാം. കലാ മത്സരങ്ങള്‍ക്കൊപ്പം പഠിക്കാനും മിടുക്കിയാണ് അനുനന്ദ. അറബി ഗാനം, അറബിക് പദ്യം, മാപ്പിളപ്പാട്ട്, മലയാളം പദ്യം, അറബിസംഘഗാനം, മലയാളം സംഘഗാനം എന്നിവയിലാണ് ഫസ്റ്റ് എ.ഗ്രേഡ് കിട്ടിയത്. ലളിതഗാനത്തില്‍ സെക്കന്റ് എ ഗ്രേഡും ലഭിച്ചു.