ഇരട്ടവോട്ട്‌ കണ്ടെത്താനും, പോളിങ് ശതമാനം അറിയാനും ആപ്പ്‌, ആള്‍മാറാട്ടം തടയാന്‍ വെബ്കാസ്റ്റിംഗ്; തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തുകൾ സജ്ജം


കോഴിക്കോട്‌: വോട്ടെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിംഗ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിംഗിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും.

വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റര്‍ ആപ്പിന്റെ സേവനം ബൂത്തുകളില്‍ ഉപയോഗപ്പെടുത്തും. വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യും. വീണ്ടും ഇയാള്‍ വോട്ട് ചെയ്യാനെത്തുകയാണെങ്കില്‍ അത് കണ്ടെത്താന്‍ ആപ്പിന്റെ സഹായത്തോടെ സാധിക്കും. തട്ടിപ്പുകള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ജില്ലാ കലക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.