‘വടകരയ്ക്ക് പകരം തൃശ്ശൂരെന്ന് അറിയുന്നത് ഇന്നലെ രാത്രി, ബിജെപിയെ എതിർക്കാനുള്ള ഒരു അവസരവും പാഴാക്കില്ല’; പ്രതികരണവുമായി കെ മുരളീധരൻ


വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലാണ് താൻ ഇത്തവണ മത്സരിക്കേണ്ടതെന്ന സൂചന ലഭിക്കുന്നത് ഇന്നലെ രാത്രിയെന്ന് കെ മുരളീധരൻ. വടകരയിലെ സിറ്റിം​ഗ് സീറ്റിന് പകരമാണ് തൃശ്ശൂരിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കി കോൺ​ഗ്രസ് ഇന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.

ഇന്നലെ രാത്രിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരത്തിലെ മാറ്റം വിളിച്ച് അറിയിക്കുന്നത്. വടകരയ്ക്ക് പകരം തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന സൂചനയാണ് പാർട്ടി നൽകിയത്. അതനുസരിച്ച് പാർട്ടി എന്ത് എന്നെ എൽപ്പിച്ചാലും അത് നിർവഹിക്കുമെന്ന് മറുപടി നൽകി. പാർട്ടി ഒരു ദൗത്യം ഏൽപ്പിക്കുമ്പോൾ അത് ഏറ്റെടുക്കുക എന്നതാണ് കോൺ​ഗ്രസ് പ്രവർത്തകനെന്ന നിലയിൽ എന്റെ ചുമതല- കെ മുരളീധരൻ പറഞ്ഞു.

വട്ടിയൂർകാവിൽ നിന്നും ഇതുപോലെ പെട്ടന്നൊരു ദിവമാണ് വടകരയിലേക്ക് മാറുന്നത്. അതിനനുസരിച്ചുള്ള വിജയം അവിടെ ഉണ്ടാക്കാൻ സാധിച്ചു. അതിനാൽ തൃശ്ശൂരിലെ ദൗത്യവും ഏറ്റെടുക്കുന്നു. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ് പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം. അതിന് പ്രതാപനും നല്ല മിടുക്കനായിരുന്നു. നേരത്തെ തന്നോട് തൃശ്ശരിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് വടകരയുണ്ടെന്ന മറുപടിയാണ് അപ്പോൾ അദ്ദേഹത്തിന് താൻ നൽകിയത്. പാർട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഇപ്പോൾ തൃശ്ശിരിൽ മത്സരിക്കുന്നത്.

വർ​ഗീയതയ്ക്കെതിരെയുള്ള ​ഗ്യാരണ്ടിയാണ് തന്റെ മത്സരം. വടകരയിലും കേരളത്തിലെ എല്ലായിടത്തും മതേതര ശക്തികൾക്കുവേണ്ടി പ്രയത്നിക്കാൻ തനിക്ക് കഴിഞ്ഞു. ബിജെപിയെ എതിർക്കാനുള്ള ഒരു അവസരവും താൻ പാഴാക്കില്ലെന്നും അതാണ് അച്ഛന്റെ തട്ടകത്തിൽ തന്നെ മത്സരിക്കുന്നതിലേക്ക് നയിച്ചത്.

പത്മജ ബിജെപിയിൽ പോയത് കൊണ്ട് കോൺ​ഗ്രസിന് നഷ്ടമില്ല. എന്നാൽ ഇങ്ങനെയുള്ള ചില കളികൾ കളിക്കാൻ ബിജെപിക്ക് കഴിഞ്ഞു എന്നതാണ് ഇതിലെ ദു:ഖം. ഒരു വ്യക്തിപോയത് കൊണ്ട് പാർട്ടിക്ക് കോട്ടം ഒന്നും ഉണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു.