‘കാര്‍ബോഹൈഡ്രേറ്റോ.. വേണ്ട,.. ഡയറ്റിലാ..’; ശരിക്കും ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ശത്രുവാണോ കാര്‍ബ്സ്; അറിയാം കാര്‍ബ്സിന്റെ അറിയപ്പെടാത്ത ഗുണങ്ങള്‍


രോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവരുടെ ശത്രുസ്ഥാനത്താണ് കാര്‍ബോഹൈഡ്രേറ്റ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ ഡയറ്റിന് ഫലമൂണ്ടാവൂ എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഒരു പരിധി വരെ അത് ശരിയാണ് താനും. കാര്‍ബോഹൈഡ്രേറ്റ് വര്‍ജ്ജിച്ചാല്‍ ഒരു പക്ഷേ നിങ്ങളുടെ ശരീരഭാരം കുറയുകയും ഡയറ്റിന് ഫലം കിട്ടുകയും ചെയ്യും എന്നാല്‍ താല്‍ക്കാലികമായ ഒരാശ്വാസം മാത്രമായിരിക്കും അത്. ദീര്‍ഘനാള്‍ ഈ രീതി പിന്തുടര്‍ന്നാല്‍ അത് നമ്മുടെ ഉമ്മേഷത്തെയും ആരോഗ്യത്തെയുമെല്ലാം പാടേ തകര്‍ത്ത്കളയും എന്നറിയാമോ?

തീന്‍മേശയില്‍ സന്തുലിതമായ ഭക്ഷണക്രമം പാലിക്കുന്നതാണ് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലത്. അതിനായി മറ്റ് ഭക്ഷണങ്ങളെപ്പോലെ തന്നെ മിതമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ശരീരത്തിലെത്തേണ്ടതുണ്ട്.

ഊര്‍ജ്ജസ്വലമാവും മനസും ശരീരവും 

ശരീരം ഉപയോഗിക്കുന്ന ഏറ്റവും പ്രാഥമികമായ ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌ കാര്‍ബോഹൈഡ്രേറ്റ്‌. തലച്ചോര്‍, പേശികള്‍, അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്നതോടൊപ്പം നമ്മളെ ഉഷാറോടെ മിടുക്കരാക്കിവെക്കാനും കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത് പാടേ ഒഴിവാക്കുന്നവര്‍ക്ക് വലിയ രീതിയില്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

കാര്‍ബിനൊപ്പം പോഷകങ്ങളും
ശരീരത്തില്‍ ആവശ്യമുള്ള പോഷകങ്ങളെത്താന്‍ സഹായിക്കുന്ന ഭക്ഷ്യസാധനങ്ങളില്‍ ഏറിയപങ്കും    പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളുമാണ്. എന്നാല്‍ ഇവയില്‍ പലതിലും കൂടിയും കുറഞ്ഞതുമായ തോതില്‍ കാര്‍ബ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരത്തില്‍ കാര്‍ബ് അടങ്ങിയ ഭക്ഷണം ഒഴിവാക്കാതെ ആവശ്യത്തിന് കഴിച്ചാല്‍ അത് ശരീരത്തില്‍‌ വേണ്ടത്ര പോഷകങ്ങളെ കൊണ്ടെത്തിക്കും.

ഭക്ഷണാസക്തിക്ക് മറുമരുന്ന്
കൂടെക്കൂടെയുണ്ടാവുന്ന ഭക്ഷണത്തോടുള്ള അമിതാസക്തി പരിഹരിക്കാനും നമുക്ക് കാര്‍ബോഹൈഡ്രേറ്റിനെ കൂട്ടുപിടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോതും വിശപ്പും നിയന്ത്രിക്കാനുള്ള കാര്‍ബിന്റെ കഴിവാണ് ഇതിന് സഹായിക്കുന്നത്. ഭക്ഷണം ആവശ്യത്തിന്‌ കാര്‍ബോഹൈഡ്രേറ്റ്‌ ചേര്‍ന്ന ഭക്ഷണം കഴിക്കാതെ ഡയറ്റ് എടുക്കുന്നവര്‍ക്ക് വലിയ തോതില്‍ വിശപ്പും ആസക്തിയും മൂലം വാരിവലിച്ച്‌ കഴിക്കാനുള്ള പ്രവണതയുണ്ടാവും.

വ്യായാമം ചെയ്യാനുള്ള ഇന്ധനം
വ്യായാമം ചെയ്യുന്നവര്‍ പ്രധാനമായി കഴിക്കുന്നത് പ്രോട്ടീനാണെങ്കിലും നന്നായി വ്യായാമം ചെയ്യാന്‍ സാധിക്കണമെങ്കില്‍ ഇതോടൊപ്പം ആവശ്യമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ്‌ കൂടി ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കണം. കാര്‍ബ്സില്‍ നിന്ന് ലഭിക്കുന്ന ഇന്ധനം നന്നായി വ്യായാമം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

ദഹനത്തിന് കാര്‍ബ്സും

മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കേണ്ടത് അനിവാര്യമാണ്.  ഉയര്‍ന്ന തോതില്‍ ഫൈബറുള്ള ഭക്ഷണവും ഇതിനൊപ്പം കഴിക്കേണം.
ഹോള്‍ ഗ്രെയ്‌നുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബ്രൗണ്‍ റൈസ്‌ എന്നിവയെല്ലാം കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച സ്രോതസ്സുകളായ ഭക്ഷണങ്ങളാണ്.അവ പോഷക സമ്പുഷ്ടങ്ങളുമാണ്. എന്നാല്‍ ബ്രഡ്‌, ബേക്ക്‌ ചെയ്‌ത ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്‌ത ധാന്യപ്പൊടി, മധുരപാനീയങ്ങള്‍ തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്‌ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വിപരീത ഫലമാവും ലഭിക്കുക.