‘വടകരയ്ക്കുവേണ്ടി എന്തുകൊണ്ട് കെ.മുരളീധരന്‍ എം.പി അത് ചെയ്തില്ല?’ എം.പിയുടെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ നടക്കാതെ പോയ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വടകരയില്‍ വികസന സംവാദം


വടകര: ഒന്നര പതിറ്റാണ്ട് കാലം വടകര ലോക്‌സഭാ മണ്ഡലത്തില്‍ എം.പിയുടെ ഇടപെടല്‍ ഇല്ലാത്തതു കാരണം നടക്കാതെ പോയ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും നാളെയുടെ വഴികളിലെ സ്വപ്‌ന പദ്ധതികള്‍ പങ്കുവെച്ചുംസംഘടിപ്പിച്ച വികസന സംവാദം നാടിന് പുതുമയായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കാതെ ജനവിരുദ്ധമായ കേന്ദ്ര നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാതെ നിലകൊണ്ട വടകരയിലെ യു.ഡി.എഫ് എം.പിമാര്‍ക്കെതിരെ വിവിധ ജനപ്രതികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. വയനാട്ടിലും വടകരയിലുമെല്ലാം വന്യജീവി അക്രമണങ്ങള്‍ പതിവായപ്പോള്‍ കേന്ദ്ര വനമന്ത്രിയെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കാന്‍ പോയ സംഘത്തില്‍ ഒരിക്കല്‍ പോലും കെ.മുരളീധരനോ, രാഹുല്‍ ഗാന്ധിയോ ഉണ്ടായിരുന്നില്ലെന്ന് പരിപാടിയുടെ മോഡറേറ്ററായ ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.

എം.പിയായാല്‍ നാടിന്റെ സമഗ്രമായ വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വിപുലമായ യോഗം ചേര്‍ന്നതിന് ശേഷം വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. രാജ്യം അതിസങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത്, കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മാത്രമല്ല, വിശ്വപൗരയായ കെ.കെ.ശൈലജ ടീച്ചറെ സ്‌നേഹപൂര്‍വ്വം ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.

കൃഷി, വ്യവസായം, ആരോഗ്യം, തൊഴില്‍, ഗതാഗതം, ടൂറിസം, തുടങ്ങി സമസ്ത മേഖലകളിലെയും ഭാവി വികസനത്തിനായി വഴി തുറന്ന സംവാദത്തില്‍ 36 പേര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു. വടകര കൃഷ്ണാകൃപാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എല്‍.ഡി.എഫ് നേതാക്കളായ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, പി.മോഹനന്‍, എം.കെ.ഭാസ്‌കരന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, രമേശന്‍ പാലേരി തുടങ്ങിയവര്‍ പങ്കെടുത്തു.