സംസ്ഥാന നാടക മത്സരത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിളക്കത്തില്‍ പതിയാരക്കര സ്വദേശിനി അളക


വടകര: കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹയായി പതിയാരക്കര സ്വദേശിനി. പരേതനായ ബാബുവിന്റെയും ലതയുടെയും മകള്‍ അളകയാണ് നാടിന് അഭിമാനമായത്.
കോഴിക്കോട് രംഗമിത്രയുടെ പണ്ട് രണ്ട് കൂട്ടുകാരികള്‍ എന്ന നാടകത്തില്‍ നയന എന്ന കരുത്തുറ്റ കഥാപാത്രത്തെ അരങ്ങിലെത്തിച്ചാണ് അളക പുരസ്‌കാരത്തിന് അര്‍ഹയായത്. രാജീവ് മമ്മള്ളിയാണ് ഈ നാടകം സംവിധാനം ചെയ്തത്.
സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് അളക നാടക രംഗത്തേക്ക് കടന്നുവന്നത്. പാലയാട് നമ്പര്‍ വണ്‍ എല്‍.പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് അരങ്ങേറിയ പാല്‍പായസം എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രമോദ് വേങ്ങരയുടെ ‘കാത്ത്’ എന്ന നാടകത്തില്‍ മികച്ച വേഷം അവതരിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം അഭിനയിച്ച സിദ്ധാര്‍ഥന്റെ കുറുക്കന്‍ സബ് ജില്ലയിലെ മികച്ച നാടകങ്ങളിലൊന്നായി. വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകനിലൂടെ സബ് ജില്ലയില്‍ മികച്ച നടിയായി. രംഗമിത്രയിലെ സജീവ കലാകാരികളിലൊരാളാണ് അളക. അമ്മ ലതയോടൊപ്പം ഒഞ്ചിയം പടിഞ്ഞാറെ മേക്കുന്നത്താണ് അളക താമസിക്കുന്നത്.