അരയും തലയും മുറുക്കി മുന്നണികള്‍; വടകരയിലെ യുഡിഎഫ് പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക്


വടകര: തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോള്‍ യുഡിഎഫ് പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150ല്‍ അധികം യുഡിഎഫ് വോട്ടര്‍മാരാണ് നാട്ടിലേക്ക് വോട്ടിനായി എത്തുന്നത്.

ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവര്‍ നാട്ടിെത്തുന്നത്. വൈകിട്ട് 4.30ഓടെ ഇവരെയും വഹിച്ചുള്ള വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. യുഎഇയിലും ഖത്തറിലുമെത്തി പ്രവാസികളെ നേരിട്ട് കണ്ട് ഷാഫി പറമ്പില്‍ വോട്ട് ചോദിച്ചിരുന്നു.

ലോക്‌സഭാ ഇലക്ഷനില്‍ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണമാണ് വടകരയില്‍ നടന്നു കൊണ്ടിരിക്കുന്നത്. പൊതുപര്യടനങ്ങള്‍ ആവേശത്തോടെ മുന്നേറുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റെ ഡി.കെ ശിവകുമാര്‍, പാണക്കാട് സാദിഖലി തങ്ങള്‍, കുമ്മനം രാജേശേഖരന്‍ തുടങ്ങി പ്രമുഖ നേതാക്കളാണ് സ്ഥാനാര്‍ത്ഥികള്‍ക്കായി മണ്ഡലത്തിലെത്തുന്നത്.