’24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണം’; അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ കെ.കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്‌


വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അശ്ശീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

അതല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. അശ്ശീല വീഡിയോ ആരോപണത്തില്‍ ശൈലജക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ നേരത്തെ പറഞ്ഞിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ മോര്‍ഫ് ചെയ്ത അശ്ശീല വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശൈലജ ചൂണ്ടിക്കാട്ടിയത്. പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണം ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന് പറഞ്ഞ ശൈലജ ഷാഫിക്കെതിരെ പരാതിയും നല്‍കിയിരുന്നു.

‘ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. തേജോവധം നടത്താനുള്ള പ്രചാരണമാണ് യുഡിഎഫിന്റേത്. പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി വളഞ്ഞ വഴിയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമ പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു. വാട്സാപ് ഗ്രൂപ്പുകളിലും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്‌.

എന്നാല്‍ കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന പരിപാടിക്കിടെ തന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു എന്ന് പറഞ്ഞിട്ടില്ലെ്‌നനും മുഖം വെട്ടിയൊട്ടിച്ച് വ്യക്തമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ പറഞ്ഞിരുന്നു. ടീച്ചറുടെ ഈ വിശദീകരണം പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴി മാറുകയായിരുന്നു. വടകരയില്‍ പ്രചാരണം അവസാനിക്കാനിരിക്കെ അശ്ശീല വീഡിയോ പരാമര്‍ശത്തിലൂടെ ശൈലജ വൈകാരിക തംരഗം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പരാമര്‍ശം വിവാദമായതോടെ ‘മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണ്. പറഞ്ഞതിലെ ചില വാക്യങ്ങള്‍ മാത്രം എടുത്ത് വാര്‍ത്തയാക്കുന്നു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടുവെന്നും’ ശൈലജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.