സംഘര്‍ഷ സാധ്യത; വില്യാപ്പള്ളി ടൗണില്‍ കൊട്ടിക്കലാശത്തിന് അനുമതിയില്ല, കുറുന്തോടിയിലും നിയന്ത്രണം


വടകര: തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്ന എപ്രില്‍ 24ന് വടകരയിലെ കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. വടകര ഡിവൈഎസ്പി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. വടകര സ്‌റ്റേഷന്‍ പരിധിയിലെ വില്യാപ്പള്ളി ടൗണില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊട്ടിക്കലാശം നടത്തില്ല. ഒപ്പം മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയില്‍ പ്രചാരണ പരിപാടികള്‍ അനുവദിക്കില്ല.

വടകര മുനിസിപ്പല്‍ പരിധി, ആയഞ്ചേരി, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും പ്രത്യേകം കോര്‍ണര്‍ മീറ്റിങ്ങുകള്‍ നടത്താന്‍ മാത്രമേ അനുമതിയുള്ളൂ. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനങ്ങളിലെ പ്രചാരണം, ഡിജെ വാദ്യങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി.

24ന് വൈകിട്ട്‌ നാലിന് ശേഷം സ്ഥാനാര്‍ത്ഥിയുടെ ഒഴികെയുള്ള വാഹനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് അവരവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ കോര്‍ണര്‍ മീറ്റിങ്ങ് നടത്താം.

ഡിവൈഎസ്പി കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിഐ ടി.പി സുമേഷ്, എസ്ഐ മാരായ കെ.മുരളീധരന്‍, ധന്യ കൃഷ്ണന്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധകളായ ടി.പി ഗോപാലന്‍, ടി.പി ബിനീഷ്, സതീശന്‍ കുരിയാടി, സിപി വിശ്വനാഥന്‍, കെ സി മുജീബ് റഹ്‌മാന്‍, എം ഫൈസല്‍, പിപി വ്യാസന്‍, ടി വി ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.