ഓര്‍ക്കാട്ടേരി ചന്തയ്ക്ക് നാളെ സമാപനം; വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങളാല്‍ ആകര്‍ഷണീയമായ ചന്തയില്‍ തിരക്കേറുന്നു


ഓര്‍ക്കാട്ടേരി: മതമൈത്രിയുടെ പ്രതീകമായ ഓര്‍ക്കാട്ടേരി ചന്തയ്ക്ക് നാളെ സമാപനം. ചന്ത തുടങ്ങിയിട്ട് ഏഴുദിവസം പിന്നിടുമ്പോഴും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്.

ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചാണ് ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും ചന്ത നടത്തിവരുന്നത്. ക്ഷേത്രോത്സവത്തിന് കൊടി ഉയര്‍ന്ന ജനുവരി 26 മുതലാണ് ഇത്തവണയും ചന്ത തുടങ്ങിയത്.

ഈ വര്‍ഷം കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വിവിധങ്ങളായ റൈഡുകളും വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വളരെ അധികം ആളുകളാണ് ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്.

വ്യത്യസ്തമായ ഹൈടെക് അമ്യൂസ്‌മെന്റ് പാര്‍ക്കുകളാണ് ചന്തയുടെ പ്രധാന ആകര്‍ഷണീയം. പിന്നെ കേരളത്തിലെ ഏറ്റവും വലിയ ഇക്കോ പെറ്റ്‌സ് ഷോ, കംപ്യൂട്ടര്‍ ട്രെയിന്‍, സലാംബോ, കാറ്റര്‍പില്ലര്‍, ത്രീഡിഷോ, ടവര്‍ ബലൂണ്‍, മരണക്കിണര്‍ തുടങ്ങിയവയും ഒരുക്കിയ്ട്ടുണ്ട്. കച്ചട്ടി, പുല്‍പ്പായ, പായ, ഹല്‍വ തുടങ്ങി 350 ഓളം കച്ചവടസ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

ഉത്സവം തുടങ്ങിയ 26 മുതല്‍ ചന്തയിലേക്ക് ജനത്തിന്റെ ഒഴുക്കാണ്. ഓര്‍ക്കാട്ടേരി ചന്ത കാലത്തിനൊപ്പം പ്രദേശത്തിന്റെ കൂട്ടായ്മയുടെ ഉത്സവമായി മുന്നേറുകയാണ്. ക്ഷേത്രോത്സവം ജനുവരി 31ന് അവസാനിച്ചു. ചന്ത ഫെബ്രുവരി അഞ്ചുവരെ തുടരും.