പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാം, മുന്‍കരുതലുകള്‍ എടുക്കാം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം മെയ് 12 മുതല്‍


മേപ്പയ്യൂർ: പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി യോഗം ചേര്‍ന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, വാർഡ് വികസനസമതി കൺവീനർമാർ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, മോട്ടോർ തൊഴിലാളി സംഘടനകൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു.

മെയ് 12ന് ഡ്രൈഡേ ആചരിക്കാനും 19ന് തീയതി വാര്‍ഡ് ശുചീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 25 മുതല്‍ ടൗണ്‍ ശുചീകരണം, 27,28 തീയതികളില്‍ സ്‌ക്കൂള്‍ പരിസരവും 15 മുതല്‍ 30 വരെ പഞ്ചായത്തിലെ മുഴുവന്‍ തോടുകളും കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ വൃത്തിയാക്കാനും തീരുമാനമായി.

പി.ഇ.സി യോഗം, പദ്ധതി നടപ്പാക്കാന്‍ വാര്‍ഡ് വികസന സമിതിയും വാര്‍ഡ് സാനിറ്ററി സമിതിയും ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.

പ്രസിഡണ്ട് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്ട് എൻ.പി ശോഭ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, സെക്രട്ടറി കെ.പി അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ വിജിത്ത്സി, എം ബാബു, ടി.കെ അബ്ദുറഹിമാൻ, നിഷാദ് പൊന്നങ്കണ്ടി, കെ.വി നാരായണൻ, മേലാട്ട് നാരായണൻ, എ സ്ക്വയർ നാരായണൻ എന്നിവർ സംസാരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ പങ്കജൻ, കൃഷി ഓഫീസർ അപർണ, ഗവൺമെൻറ് എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജയിന്‍ റോസ്, പഞ്ചായത്ത് എച്ച്.ഐ സൽനലാൽ, സി.ഡി എസ് ചെയർപേഴ്സൺ ഇ ശ്രീജ എന്നിവർ വിവിധ വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു.