കൊയിലാണ്ടി ഉളളൂരില്‍ 70 അടിയോളം താഴ്ചയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വയോധിക വീണ നിലയില്‍; സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും


കൊയിലാണ്ടി: കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും. ഇന്ന് രാവിലെ 6 മണിയോടെയാണ് ഉളളൂര്‍ ആമ്പത്ത് മീത്തല്‍ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണ നിലയില്‍ ചെട്ടിയാംകണ്ടി വീട്ടില്‍ ചിരുത (86)യെ കണ്ടെത്തിയത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ നാട്ടുകാരനായ അനീഷ് ചാത്തോത്ത് ഹൗസ് എന്നയാള്‍ സ്ത്രീയെ പരിക്കുകള്‍ കൂടാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. 70 അടി താഴ്ചയും ആള്‍ മറ ഇല്ലാത്തതും ഉപയോഗശൂന്യമായ കിണറ്റില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിജിത്ത് .സി ചെയര്‍നോട്ടിന്റെ സഹായത്തോടു കൂടി കിണറ്റില്‍ ഇറങ്ങുകയും റെസ്‌ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടു കൂടി ചിരുതയെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു.

കൂടാതെ വയോധികയെ രക്ഷിക്കാനായി ഇറങ്ങിയ നാട്ടുകാരനായ അനീഷിനെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് കിണറ്റില്‍ വീണ വയോധികയെ സേനയുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗ്രേഡ്എ.എസ്.ടി.ഒ മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ് ഇ.എം, അനൂപ് എന്‍.പി, ബബീഷ് പി.എം, വിഷ്ണു എസ്, സജിത്ത് പി.കെ, ഷാജു, ഹോം ഗാര്‍ഡ് പ്രദീപ്, രാജേഷ് കെ.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.