വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം


വടകര: മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകര്‍ക്കണമെന്ന് എസ്.ഡി.പി.ഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ഉപ്പാപയുടെ കൈ പിടിച്ചു ഹോസ്പിറ്റലിലേക്ക് നടന്ന് പോയി ഒ.പി ഡോക്ടറെ അരമണിക്കൂറോളം വെയ്റ്റ് ചെയ്ത ഗുരുതരമായ പ്രശ്‌നങ്ങളില്ലാതിരുന്ന കുട്ടിക്കാണ് ഇഞ്ചക്ഷന്‍ വെക്കുന്നതോട് കൂടി പിന്നീട് മരണം സംഭവിക്കുന്നത്.

സി.എം ഹോസ്പിറ്റലില്‍ നിന്നും നിരന്തരം ഇത്തരം പിഴവുകള്‍ സംഭവിക്കുന്നതായും കമ്മറ്റി കുറ്റപ്പെടുത്തി. താഴങ്ങാടി സ്വദേശിയുടെ ഭാര്യക്ക് ചികിത്സ പിഴവ് കാരണം ബ്ലീഡിങ് അധികരിച്ച് മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ടത് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റിയത് കൊണ്ടാണ്. നാല് വര്‍ഷം മുമ്പ് ചികിത്സ പിഴവ് കാരണം ബ്ലീഡിങ് അധികരിച്ചതിനെ തുടര്‍ന്ന് യുവതി മരണപ്പെട്ട വിഷയവും സിഎം ഹോസ്പിറ്റലില്‍ ഉണ്ടായിട്ടുണ്ട്.

നിരന്തരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്. മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണത്തിനുത്തരവാദികളെ സമഗ്രനേഷണത്തിലൂടെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ട് വരണമെന്നും അല്ലാത്ത പക്ഷം അതി ശക്തമായ സമരത്തിന് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഷീര്‍ കെ.കെ, റൗഫ് ചോറോട്, അസീസ് വെള്ളോളി, സിദ്ധീഖ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.