സിക്ക് ലീവ് എടുത്ത് പ്രതിഷേധിച്ച് ജീവനക്കാര്‍; കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12സർവീസുകൾ റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ


കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ പെരുവഴിയിലായി യാത്രക്കാര്‍. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 12 സര്‍വ്വീസുകളാണ് ഇതുവരെ റദ്ദാക്കിയത്.

ദുബായ്, ജിദ്ദ, ദോഹ, റാസല്‍ ഖൈമ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌ക്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഷാര്‍ജ മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

അലവന്‍സ് കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്താണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരം ചെയ്യുന്നത്. എന്നാല്‍ മുന്നറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിനാല്‍ എയന്‍ ഇന്ത്യയുടെ സമൂഹമാധ്യമ പേജുകളില്‍ യാത്രക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

അതേ സമയം വിഷയത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. യാത്രക്കാരോട് ക്ഷമ ചോദിക്കുന്നുവെന്നും അവസാന നിമിഷം കാബിന്‍ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്കു കാരണമായതെന്നും യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

08.00 AM- റാസൽ ഖൈമ
8-25 AM ദുബൈ
8:50 AM- ജിദ്ദ
09.00 AM – കുവൈത്ത്
9:35 AM- ദോഹ
9-35 AM- ദുബൈ
10-30 AM- ബഹ്‌റൈൻ

5-45 PM- ദുബൈ
7-25 PM ദോഹ
8-10 PM കുവൈത്ത്
8-40 PM ബഹ്‌റൈൻ
9-50 PM ജിദ്ദ