ദേവസ്വം ബോര്‍ഡിന് എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധം- മന്ത്രി കെ.രാധാകൃഷ്ണന്‍; മേമുണ്ട മഠം നാഗക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു


വില്ല്യാപ്പള്ളി: ദേവസ്വം ബോര്‍ഡിന് എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി മേമുണ്ട മഠം നാഗക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്ക് അതീതമായി സമൂഹത്തിന്റെ നന്മക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. സങ്കുചിതമായ ചിന്തകളിലൂടെ കാര്യങ്ങളെ നോക്കിക്കാണരുതെന്നും മന്ത്രി പറഞ്ഞു. ഭക്തരെ തൃപ്തിപ്പെടുത്തിയായിരിക്കണം ക്ഷേത്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവേണ്ടത്. ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംരക്ഷിക്കാനും സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഏഴ് വര്‍ഷം കൊണ്ട് 528 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നടപ്പന്തല്‍, കവാടം, തീര്‍ഥക്കുളം, പൊതുജനങ്ങള്‍ക്കുള്ള കുളം, കോട്ട സംരക്ഷണത്തിന് ചുറ്റുമതില്‍, ക്ഷേത്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് തുടങ്ങി ഒരു കോടിയോളം രൂപയുടെ വികസന പ്രവൃത്തികളാണ് ക്ഷേത്രത്തിൽ നടന്നത്.

കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷനായി. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ നിമിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഇന്‍ ചാര്‍ജ് സി.ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.റീന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ.സിമി, രജിത കോളിയോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബീഷ് പുതിയെടുത്ത്, മെമ്പര്‍ കെ ഗോപാലന്‍, എന്‍.ബി പ്രകാശന്‍, ടി.കെ സുധി, എന്‍ ഷാജി, എം.എം ദിനേശന്‍, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള സ്വാഗതവും ഒ പി രാജന്‍ നന്ദിയും പറഞ്ഞു.