കൊടും ചൂടിനാശ്വാസമായി വേനൽമഴയെത്തുന്നു, കോഴിക്കോട് ജില്ലയിൽ നാളെ യെല്ലോ അലർട്ട്; കള്ളക്കടൽ പ്രതിഭാസം ഇന്നും തുടരും


തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നുവെന്ന ആശ്വാസവാർത്തയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ മഴ പ്രവചനത്തിൽ നിന്നും ലഭിക്കുന്നത്. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഈ മാസം 21 -ാം തിയതിവരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

  • വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഏപ്രിൽ 19 ന് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.