രാത്രിയിൽ ഉറക്കത്തിനിടെ കറണ്ട് പോകുന്നുണ്ടോ? വിയർത്തൊലിച്ച് കെ.എസ്.ഇ.ബിയെ കുറ്റംപറയുംമുമ്പ് ഈ കാര്യങ്ങൾ ചെയ്തുനോക്കൂ


വടകര: കൊടുംചൂട്, രാത്രിയിൽ ഒരുവിധം ഉറക്കം പിടിച്ചുവരുമ്പോഴേക്കും കറണ്ട് പൊകുന്നുണ്ടോ? വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാത്രി പത്തര, പതിനൊന്നുമണിയാകുമ്പോഴേക്കും കറണ്ട് പോകുന്ന അവസ്ഥയുണ്ട്. ചിലയിടങ്ങളിൽ കുറച്ചുസമയത്തിനുശേഷം വരും, ചിലയിടത്താവട്ടെ കുറേയേറെ സമയം കഴിയാറുമുണ്ട്. കറണ്ട് പോകുന്നതോടെ ചൂട് സഹിക്കവയ്യാതെ കെ.എസ്.ഇ.ബിയെ വിളിച്ചുപോകും, ബിസി ടോൺ കേട്ട് ഇനി അവരെ തെറിപറയാൻ നിൽക്കേണ്ട. പ്രശ്‌നം കെ.എസ്.ഇ.ബിയുടേതല്ല, നമ്മുടെ വൈദ്യുതി ഉപഭോഗത്തിന്റേതാണെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.

സംഭവിക്കുന്നത് ഇതാണ്: ചൂട് ഉയർന്നതോടെ രാത്രി സമയങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധനവാണുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5150 മെഗാവാട്ട് കവിഞ്ഞിരിക്കുന്നു. വീടുകളിൽ എ.സിയുടെയും ഫാനിന്റെയും ഉപയോഗം കൂടിയതോടെ രാത്രി സമയത്ത് മിക്ക ഫീഡറുകളുടെയും ഉയർന്നപരിധിക്ക് മുകളിൽ വൈദ്യുതി ഉപഭോഗം എത്തുന്ന സ്ഥിതി വരുന്നു. ഇങ്ങനെ വരുമ്പോൾ ആ ഭാഗത്ത് വൈദ്യുതി തടസപ്പെടും. ലൈനുകൾക്ക് താങ്ങാനാവുന്നതിലധികം ശേഷിയിൽ ഉപഭോഗം ആകുമ്പോഴാൾ സ്വാഭാവികമായും ഇങ്ങനെ സംഭവിക്കും. കെ.എസ്.ഇ.ബി അധികൃതരെത്തി ഏതെങ്കിലും ഭാഗത്തേക്കുള്ള വിതരണം തടസപ്പെടുത്തി, മറ്റുഭാഗത്തേക്ക് വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയാണ് ചെയ്യുന്നത്.

കൊടുംചൂടിൽ വെന്തുരുകി ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ചെയ്യാവുന്നത്:

രാത്രി സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ചുരുക്കുക. സോളാർപാനൽ സ്ഥാപിച്ച ഉപഭോക്താക്കൾ അതുവഴി ഇൻവർട്ടർ അല്ലെങ്കിൽ ബാറ്ററി ചാർജ് ചെയ്യുക. പീക്ക് ലോഡ് സമയത്ത് ഇൻവർട്ടർ വഴിയുള്ള വൈദ്യുതി ഉപയോഗം നടത്തുക.

എ.സി, ഫാൻ മുതലായവ ഊർജ്ജ കാര്യക്ഷമത കൂടിയത് (ഉയർന്ന സ്റ്റാർ) ഉപയോഗിക്കുക.

എ.സിയിട്ട് മുറിയൊന്ന് തണുത്തശേഷം അത് ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാം.

ഇലക്ട്രിക് വാഹനങ്ങൾ സന്ധ്യാസമയങ്ങൡ ചാർജ്ജ് ചെയ്യാതിരിക്കുക.

മുറിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ മുറിയിൽ നിന്നും ലൈറ്റ്, ഫാൻ, എ.സി എന്നിവ ഓഫ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക.

എയർകണ്ടീഷനുകൾ 26-27 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുക.