ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും; 15 അംഗ ടീമിനെ പ്രഖ്യാപിച്ചു


അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി നായകനായും വ്യക്തിഗത മികവിലും താരം നടത്തിയ ഗംഭീര പ്രകടനമാണ് ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് താരത്തെ എത്തിച്ചത്.

സഞ്ജു ഉൾപ്പെടെ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഋഷഭ് പന്താണ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ.

സൂപ്പർ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. ഓൾറൗണ്ടർമാരായി പാണ്ഡ്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലുമാണുള്ളത്. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ സ്പിൻ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്. ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണ് റിസർവ് താരങ്ങൾ.