പഠനം പാതിവഴിയിൽ നിർത്തിയവരാണോ? സംസ്ഥാന സാക്ഷരതാമിഷൻറെ തുല്യതാ കോഴ്സിലൂടെ വീണ്ടും പഠിക്കാം, വിശദാംശങ്ങൾ


കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം ഹയർസെക്കന്ററി തുല്യതാ കോഴ്സുകൾക്ക് ഏപ്രിൽ 30 വരെ 50 രൂപ ഫൈനോടെ അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായ എഴാംക്ലാസെങ്കിലും ജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്‌സിൽ ചേരാം. എട്ടിനും 10 നും ഇടയിൽ പഠനം നിർത്തിയവർക്കും ഇപ്പോൾ പത്താംതരത്തിന് ചേരാം. 1,950 രൂപ ഫീസും 50 രൂപ ഫൈനും ഉൾപ്പെടെ 2,000 രൂപ ഫീസ് അടയ്ക്കണം.

ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിലാണ് സാക്ഷരതാമിഷൻ ഹയർസെക്കന്ററി കോഴ്‌സുകൾ നടത്തുന്നത്. 22 വയസ്സ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർസെക്കന്ററി പ്ലസ് വൺ തുല്യതാ കോഴ്‌സിനും ഇപ്പോൾ അപേക്ഷിക്കാം. 2,600 രൂപ ഫീസും, 50 രൂപ ഫൈനും ഉൾപ്പെടെ 2,650 രൂപ ഫീസ് അടയ്ക്കണം. രണ്ടാം വർഷത്തേക്കുള്ള ഫീസ് പിന്നീട് അടച്ചാൽ മതി. പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് ഫീസ് ഇളവ് ഉണ്ട്. ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെണ്ടർ വിഭാഗത്തിനും സൗജന്യമായി കോഴ്സിൽ ചേർന്ന് പഠിക്കാം. ഫീസുകൾ സാക്ഷരതാമിഷന്റെ ചലാൻ വഴി ബാങ്കിൽ ആണ് അടക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വഴി ചേരുന്നവർക്ക് സെക്രട്ടറിമാരുടെ അണ്ടർടേകിംഗ് നൽകിയാൽ മതിയാകും. അപേക്ഷകൾ ഓൺലൈനായി നൽകണം.

കൂടുതൽ വിവരങ്ങൾ സാക്ഷരതാമിഷൻ വിദ്യാകേന്ദ്രളിൽ നിന്നും സിവിൽസ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0495 2370053.