പ്രശസ്‌ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു


കണ്ണൂർ : പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജയരാജിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. കര്‍മ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് ചിത്രങ്ങള്‍.

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

നാറാത്ത് സ്വദേശിനിയായ കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. സംസ്കാരം ഇന്ന് പകൽ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.