അരിക്കുളം എ.എല്‍.പി സ്‌കൂളില്‍ പഠനം മുടങ്ങുന്നു; എ.ഇ.ഒ ഓഫീസിന് മുന്നിലിരുന്ന് പഠിച്ചുകൊണ്ട് വിദ്യാർത്ഥിനിയുടെയും രക്ഷിതാവിന്റെയും സത്യാഗ്രഹം


കൊയിലാണ്ടി: പ്രധാനാധ്യാപകന്റെ സസ്പെൻഷനെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം അരിക്കുളം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതിനെതിരെ വിദ്യാർത്ഥിനിയുടെയും രക്ഷിതാവിന്റെയും സത്യാഗ്രഹം. രണ്ടാം ക്ലാസുകാരി കാവ്യ ലക്ഷ്മിയും രക്ഷിതാവ് എം.എം.അമൽജിത്തുമാണ് കൊയിലാണ്ടി എ.ഇ.ഒ ഓഫീസിന് മുന്നിലിരുന്ന് പഠിച്ചു കൊണ്ട് സത്യാഗ്രഹം നടത്തിയത്.

ഓഫീസിന് മുന്നിലിരുന്നു മകള്‍ക്ക് ക്ലാസെടുത്ത് നല്‍കിയാണ് അമല്‍ജിത്ത് പ്രതിഷേധിച്ചത്. പ്രധാനാധ്യാപകന്‍ ഡി.ആര്‍.ഷിംജിത്തിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ മാനേജര്‍ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ടാം ക്ലാസ് അധ്യാപകന്‍ കൂടിയാണ് ഷിംജിത്ത്. ക്ലാസ് അധ്യാപകന്‍ വരാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ പഠനം മുടങ്ങുന്നതില്‍ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ്. സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ആരോപണത്തെ തുടര്‍ന്ന് സമീപത്തെ ഭാവനാ ഗ്രന്ഥാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.