‘വടകരയില്‍ കോണ്‍ഗ്രസ് സഞ്ചരിച്ചത് വര്‍ഗീയതയുടെ കുറുക്കുവഴിയിലൂടെ, മതം പറഞ്ഞല്ല ഇടതുപക്ഷം വോട്ട് പിടിച്ചത്’; വടകരയിലെ ജനകീയ കൂട്ടായ്മയില്‍ എളമരം കരീം


വടകര: വര്‍ഗീയതയുടെ കുറുക്കുവഴിയിലൂടെയാണ് വടകരയില്‍ കോണ്‍ഗ്രസ് സഞ്ചരിച്ചത്. മുസ്ലീം ലീഗിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം ഇതില്‍ പെട്ടുപോവുകയായിരുന്നു. വ്യക്തികളെ തേജോവധം ചെയ്തലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. വടകരയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എങ്ങനെയാണ് ഇലക്ഷന്‍ പ്രചാരണം നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണം. കേരളത്തില്‍ മുഴുവന്‍ പ്രചാരണം നടത്തിയ പിണറായി സംസാരിച്ചത് മുഴുവന്‍ രാഷ്ട്രീയമാണെന്നും ഒരിക്കല്‍ പോലും വിദ്വേഷ പ്രചാരണം നടത്തിയിട്ടില്ല. മതം പറഞ്ഞല്ല ഇടതുപക്ഷം വോട്ട് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ശിക്ഷിച്ച് മൂലക്കിരുത്തുന്ന സാഹചര്യം വടകരയില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാകും. ജൂണ്‍ നാല് പുലരുന്നത് വടകരയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരിക്കും. ആ വിജയത്തിലൂടെ അപവാധ പ്രചാരണങ്ങള്‍ക്ക് വടകര മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. കോണ്‍ഗ്രസ് ഇട്ടേച്ചുപോയ ചുമതല ഏറ്റെടുത്ത് പൂര്‍ത്തികരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തന്മാര്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തായാലും മറ്റ് സന്ദര്‍ഭങ്ങളിലായാലും മനുഷ്യര്‍ക്കിടയില്‍ ജാതി മത വര്‍ഗീയത പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. താല്‍ക്കാലികമായ തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി വര്‍ഗീയത ആയുധമാക്കിയാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷവും ജനജീവിതവും തകരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വില കുറഞ്ഞ പ്രചാര വേലക്ക് യുഡിഎഫ് നേതൃത്വം നല്‍കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിലെ പ്രചാരവേല സംബന്ധിച്ച് യുഡിഎഫിന്റെ കാഴ്ചപ്പാട് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നാടിനോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാടിനെ വര്‍ഗീയവല്‍ക്കരിക്കാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനും ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി നടത്തിയ കൂട്ടായ്മയില്‍ ആയിരങ്ങളാണ് ഇന്നലെ വടകരയില്‍ ഒത്തുകൂടിയത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോട്ടപ്പറമ്പില്‍ സമാപിച്ചു.

എം.കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍, പി ഗവാസ്, സി ഭാസ്‌കരന്‍, കെ.കെ ദിനേശന്‍, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കെ.പി ബിന്ദു, മനയത്ത് ചന്ദ്രന്‍, പി സുരേഷ് ബാബു, കെ.കെ ലതിക, ഒ രാജന്‍, കെ.കെ അബ്ദുള്ള, യു ബാബു, ഗോപിനാഥ്, സമദ് നരിപ്പറ്റ, എന്‍.കെ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി ബിനീഷ് സ്വാഗതം പറഞ്ഞു.