‘പ്രവാസലോകത്തെ പ്രിയസഹോദരങ്ങളോട് ഒരു വാക്ക്’; അഭ്യർത്ഥനയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ


വടകര: വടകര നിവാസികളായ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളോട് ഒരു വാക്ക് പറയാനുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാ​ഗമായാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രവാസികളോട് സംവദിച്ചത്.

വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. വടകരയിലെ പ്രവാസികളുടെ കുടുംബാം​ഗങ്ങളേയും ഉറ്റ സുഹൃത്തുക്കളേയുമൊക്കെ താൻ നേരിൽ കാണുമെന്ന് ഷാഫി പറമ്പിൽ പറയുന്നു. ഞാനാണ് വടകരയിലെ സ്ഥാനാർത്ഥിഎന്നറിഞ്ഞത് മുതൽ മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് നൽകുന്നത്. അതിന് വാക്ക് കൊണ്ടല്ല, പ്രവർത്തി കൊണ്ടാണ് ഞാൻ നന്ദി പറയുക. പ്രവാസ ലോകത്താണെങ്കിലും നിങ്ങൾ തരുന്ന പിന്തുണയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഠിനാധ്യാനം ചെയ്യാനാണ് നിങ്ങൾ പ്രവാസിയായത്. സാമ്പത്തികാവസ്ഥ ഭദ്രമാണെങ്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും വോട്ട് ചെയ്യാനുമായി നാട്ടിലെത്തണമെന്നും കൂടെയുണ്ടാവണമെന്നും ഷാഫി പറമ്പിൽ അഭ്യർത്ഥിച്ചു.

കെ മുരളീധരന് പകരമാണ് ഷാഫി പറമ്പിലിനെ യുഡിഎഫ് വടകരയിലെ സ്ഥാനാർത്ഥിയാക്കിയത്. കെ കെ ഷെെലജയാണ് എൽഡിഎഫ് സ്ഥാനാർത്ഥി.