ഫെെനലിലെ വിജയിക്ക് 10,000 രൂപ; തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം


കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ 20 വരെ ആറു കോര്‍പ്പറേഷനുകളിലായി ആദ്യഘട്ട മത്സരം നടക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്കുള്ള ഫൈനല്‍ മത്സരം ഏപ്രില്‍ 23ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, ചരിത്രം, രാഷ്ട്രീയം എന്നിവ അധികരിച്ചാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. കോഴിക്കോട്, മലപ്പുറം ജില്ലക്കാർക്ക് ഏപ്രിൽ 16 ന് രാവിലെ 10.30 നാണ് മത്സരം. രണ്ട് പേരുള്ള ടീമായി പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒന്നുകിൽ സ്വന്തം ജില്ലയിലെ കോർപ്പറേഷനിലോ അല്ലെങ്കിൽ തങ്ങൾ ജോലി ചെയ്യുന്ന ജില്ലയിലെ കോർപ്പറേഷനിലോ മത്സരിക്കാം. പ്രാഥമിക ഘട്ടത്തിൽ ഒരു ടീമിന് ഒരു കോർപ്പറേഷനിൽ മാത്രമേ മത്സരിക്കാൻ കഴിയുകയുള്ളൂ.

പ്രാഥമിക സമ്മാനത്തുക 5000, 3000, 2000 എന്നിങ്ങനെയും മെഗാഫൈനലിൽ തുക 10000, 8000, 6000 എന്നിങ്ങനെയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714817833, 0471-2300121, 2307168.