രോഗികള്‍ക്ക് ആശ്വാസം; നാദാപുരത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഇനി ഒ.പി സൗകര്യവും


നാദാപുരം: ഗ്രാമപഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി സൗകര്യം ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ഒ.പി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ അദ്ധ്യക്ഷത വഹിച്ചു.

1962ൽ ഇല്ലിക്കൽ കണ്ണൻ എന്നയാള്‍ ദാനമായി നൽകിയ സ്ഥലത്താണ് കുറ്റിപ്രം സബ് സെന്റർ പ്രവര്‍ത്തിക്കുന്നത്‌. നീണ്ട അറുപതു വർഷം ഈ പ്രദേശത്തുകാർക്ക് ആശ്രമായ പ്രവർത്തിച്ച പ്രസ്തുത ആരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഗ്രാമപഞ്ചായത്ത്‌ പുതിയ ഭരണ സമിതി എൻഎച്ച്എം ഫണ്ട്‌ ലഭ്യമാക്കി ഏഴു ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തി നടത്തി സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ഇവിടെ ആഴ്ചയിൽ ഒരു ദിവസത്തെ ഒ പി കൂടി ആരംഭിക്കുന്നതോടെ വയോജനങ്ങൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ഏറെ ആശ്വാസകരമാവും.

പഞ്ചായത്തിലെ മറ്റു രണ്ടു ആരോഗ്യ കേന്ദ്രങ്ങളായ ചിയ്യൂർ, കുമ്മങ്കോട് എന്നിവിടങ്ങളിൽ അടുത്ത ആഴ്ച തന്നെ ഒ.പിആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ: എ സജീവൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, നിസാർ എടത്തിൽ, വി.ടി.കെ മുഹമ്മദ്‌, കെ.വി അബ്ദുള്ള ഹാജി, ഇക്ബാൽ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.