ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് അപകടം; ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു


നാദാപുരം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു. കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ കടപുഴകി അസീസ്, സുഹൃത്ത് പാറോള്ള പറമ്പത്ത് നൗഫല്‍ എന്നിവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിലേക്ക് വീണത്. നൗഫലായിരുന്നു വാഹനം ഓടിച്ചിരുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അസീസിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അസീസ്‌. നിസാരമായി പരിക്കേറ്റ നൗഫല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.