പരസ്യപ്രചാരണം നാളെ അവസാനിക്കും; തൊട്ടില്‍പ്പാലത്ത് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം


തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം സ്‌റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കാന്‍ ഉത്തരവ്. പോലീസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഒരു കേന്ദ്രത്തില്‍ ഒരു സമയം ഒരു മുന്നണിയുടെ പ്രചാരണ വാഹന മാത്രം എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം. അനുമതിയില്ലാത്ത വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി.

ബൂത്തിന് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രചാരണ സാമഗ്രികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തന്നെ നീക്കം ചെയ്യാനും തീരുമാനമായി. തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എച്ച്ഒ ടി എസ് ബിനു, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.