ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ; കോഴിക്കോട് അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്


കോഴിക്കോട്: കോഴിക്കോട് അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ് സംവിധാനമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാൽ ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും ക്യാമറ സ്ഥാപിക്കും.

പാനൂര്‍ ബോംബ് സ്‌ഫോടനം അടക്കമുള്ളവയുടെ പശ്ചാത്തലത്തില്‍ വടകരയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കവെയാണ്‌
വടകരയില്‍ ഉള്‍പ്പെടെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ വേണ്ടിയാണ്‌ വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കൺട്രോൾ റൂമുകൾ സജ്ജമാക്കുക.

അതേ സമയം ആറ്റിങ്ങലിലെ ഇരട്ടവോട്ട് സംബന്ധിച്ച് അടൂര്‍ പ്രകാശിന്റെ പരാതിയും കോടതി പരിഗണിച്ചു. മണ്ഡലത്തില്‍ 13.96 ലക്ഷം വോട്ടര്‍മാരാണുള്ളത്. അത് മൊത്തം പരിശോധിച്ചതില്‍നിന്ന് 3431 ഡബിള്‍ എന്‍ട്രി കണ്ടെത്തിയെന്നും അത് കഴിഞ്ഞ നാലാം തീയതിതന്നെ നീക്കംചെയ്‌തെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.