‘പാർലിമെന്റിൽ തൊഴിലാളികളുടെ ശബ്ദം ഉയരണമെങ്കിൽ ഇടത്‌ പ്രതിനിധികൾ ഉണ്ടാവണം’; വടകര കോട്ടപ്പറമ്പിലെ തൊഴിലാളി സംഗമത്തില്‍ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ


വടകര: എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി വടകരയില്‍
തൊഴിലാളികൾ ഒത്തുകൂടി. കോട്ടപറമ്പിൽ നടന്ന തൊഴിലാളി സംഗമം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘടനം ചെയ്തു. മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

‘ശൈലജ ടീച്ചർ വിജയിക്കേണ്ടത് തൊഴിലാളികളുടെ കൂടെ ആവശ്യമാണ്. പാർലിമെന്റിൽ തൊഴിലാളികളുടെ ശബ്ദം ഉയരണമെങ്കിൽ ഇടതുപക്ഷത്തു നിന്നുള്ള പ്രതിനിധികൾ ഉണ്ടാവണം. ഇന്ത്യയെ ഏകീകരിച്ചു നിർത്തുന്നത് നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയെ പോലും വികൃതമാക്കുന്നതാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഇടതുപക്ഷത്തിന്റെ കൂടുതൽ പ്രതിനിധികൾ പാർലിമെന്റിൽ ഉണ്ടാവണമെന്നും തപൻ സെൻ പറഞ്ഞു.

സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ എംഎൽഎ, സിഐടിയു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിപി മുരളി, എംകെ രാമചന്ദ്രൻ, കെ.കെ മമ്മു, എ.ടി ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ.മനോഹരൻ സ്വാഗതവും വി.എം വിനു നന്ദിയും പറഞ്ഞു.