അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അപമാനിക്കപ്പെട്ടു, കെ.കെ ശൈലജ ശ്രമിച്ചത് വൈകാരിക തരംഗം ഉണ്ടാക്കന്‍; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍


വടകര: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊണ്ടുവന്ന നുണ ബോംബ് പൊട്ടി ചീറ്റി പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന് നല്‍കിയ പരാതിയില്‍ 8,9 പോയിന്റുകള്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വീഡിയോയി പ്രചരിപ്പിച്ചുവെന്നാന്ന് ടീച്ചര്‍ നല്‍കിയതെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ പറഞ്ഞില്ലെന്നാണ് ടീച്ചര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അശ്ശീല വീഡിയോയുടെ പേരില്‍ ഷാഫി പറമ്പില്‍ അപമാനിക്കപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ അവസാനത്തെ ആഴ്ച തനിക്കെതിരെ അശ്ശീല വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞ് വൈകാരികമായ തരംഗം ഉണ്ടാക്കാനാണ് ശൈലജ ശ്രമിച്ചത്. സംഭവത്തില്‍ തനിക്കെതിരെയും സൈബര്‍ ആക്രണം നടന്നു. ഷാഫി പറമ്പിലിന്റെ ഉമ്മയെ വരെ ഇതിലേക്ക് ഇടത് പക്ഷം വലിച്ചിട്ടു. ശൈലജ പറഞ്ഞത് നുണയാണെന്ന് അവര്‍ തന്നെ സമ്മതിച്ചുവെന്നും വീഡിയോ പ്രചരിപ്പിച്ചു എന്ന പേരില്‍ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ബിജെപി ഉണ്ടാക്കുന്നത് പോലെ വര്‍ഗീയ ധ്രൂവികരണമാണ് സിപിഎം ഉണ്ടാക്കുന്നത്. കേരളത്തില്‍ മോദിയും പിണറായിയും ഒരു സ്വരത്തിലാണ് സംസാരിക്കുന്നത്. രണ്ട് പേരും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുമ്പോള്‍ പിണറായി അത് ആവര്‍ത്തിക്കുന്നു. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നവ കേരള സദസിന്റെ സമയത്ത് സമനില തെറ്റിയെന്ന് ഒന്‍പത് തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്. ആര് എതിര്‍ത്താലും അവരുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി പറയും. തന്നെ വിമര്‍ശിക്കുന്ന എല്ലാവരുടെയും സമനില തെറ്റിയെന്ന് എന്നു പറയുന്ന ആളുടെ തലയാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഭരണഘടനാപരമായ നിയമങ്ങള്‍ മുഴുവന്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് സംശയം ഉയര്‍ന്നപ്പോള്‍ മതത്തെ അടിസ്ഥാനമാക്കി പൗരത്വനിയമം ഉണ്ടാക്കുന്നതിന്‌ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും എതിര്‍ക്കുമെന്നും കോഴിക്കോട് ബീച്ചില്‍ നടത്തിയ പരിപാടിക്കിടെ രാഹുല്‍ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.