ഗൂഗിള്‍ ജിമെയിൽ സേവനം അവസാനിപ്പിക്കുകയാണോ? സ്ക്രീൻഷോട്ട് സഹിതം പ്രചരിക്കുന്നതിന്റെ സത്യാവസ്ഥയെന്താണ്


2024 ഓടെ ജിമെയിലിന്റെ സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തുകയാണെന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇത് പ്രചരിക്കുന്നത്. ഈ സ്ക്രീന്‍ ഷോട്ടില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നോര്‍ത്ത് പലരും വലിയ ആശയക്കുഴപ്പത്തിലാണ്.

സംഗതി ചര്‍ച്ചാവിഷയമായതോടെ ഈ കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയില്‍ സേവനമല്ല എച്ച്ടിഎംഎൽ കാഴ്ച എന്ന സംവിധാനം മാത്രമാണ് അവസാനിപ്പിക്കുന്നത് എന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. മെയില്‍ അടച്ചുപൂട്ടുന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു സത്യാവസ്ഥയുമില്ലെന്ന് എക്സില്‍ പങ്ക് വെച്ച പോസ്റ്റിലൂടെയാണ് ഗൂഗിള്‍ വ്യക്തമാക്കിയത്.

നെറ്റ്​വർക് പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്ന ഇടങ്ങളില്‍ ഇമെയിൽ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഉപയോഗിച്ച എച്ച്ടിഎംഎൽ വേർഷൻ ആണ് ഗൂഗിള്‍ നിര്‍ത്തലാക്കുന്നത്. ഉപയോഗ ശൂന്യമോ ഫലപ്രദമോ അല്ലാത്ത ആപ്പുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമാണിത്. അടിസ്ഥാന എച്ച്ടിഎംഎല്‍ പതിപ്പ് എപ്പോഴാണ് നിർത്തലാക്കുക എന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. വ്യക്തമല്ലെങ്കിലും സ്റ്റാൻഡേർഡ് പതിപ്പിലേക്കുള്ള മാറ്റം യാന്ത്രികമായി സംഭവിക്കുമെന്നാണ് വിവരം.

എച്ച്ടിഎംഎൽ നീക്കം ചെയ്യുന്നത് എന്തുകൊണ്ട്

അടിസ്ഥാന എച്ച്ടിഎംഎൽ കാഴ്ച വളരെ ചെറിയ ശതമാനം ജിമെയിൽ ഉപയോക്താക്കളാണ് ഉപയോഗിക്കുന്നത് എന്നതാണ് ഇത് ഒഴിവാക്കുന്നതിന്റെ ഒരു പ്രധാന കാരണം. കൂടാതെ ഇതിന്റെ പഴയ ഇന്റർഫേസിനു സുരക്ഷാ വീഴ്ചകളുടെ സാധ്യതകളുണ്ട്. എച്ച്ടിഎംഎൽ പോലുള്ള കാലപ്പഴക്കം സംഭവിച്ച ഫീച്ചറുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി കൂടെയാണ് ഈ നീക്കം.