വില്യാപ്പള്ളി അമരാവതിയിലെ കഫെയില്‍ നിന്ന് പിടികൂടിയത് നാല് കിലോ പഴകിയ മാംസം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍‌ മിന്നല്‍പരിശോധനയുമായി പഞ്ചായത്തും ആരോഗ്യവിഭാഗവും


വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ ഭക്ഷണ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന. ആരോഗ്യ വിഭാഗവും, ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി.

വില്യാപ്പള്ളി, മയ്യന്നൂര്‍ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ക്യാറ്ററിങ്ങ് സര്‍വീസുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി അധികൃതര്‍ ഇരുപത്തിയഞ്ചോളം സ്ഥാപനങ്ങങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ ശുചിത്വ സംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

പരിശോധനയില്‍ വില്യാപ്പള്ളി അമരാവതിയില്‍ പെട്രോള്‍ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഡേ നൈറ്റ്‌ കഫെ എന്ന സ്ഥാപനത്തിൽനിന്ന്  4 കിലോയോളം പഴകിയ കോഴിയിറച്ചിയാണ് സംഘം പിടികൂടിയത്.  കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഹോട്ടല്‍ ഉടമയില്‍ നിന്ന്  2500/- രൂപ പിഴ ഈടാക്കുകയും മാംസം നശിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് പഞ്ചായത്തില്‍ സമര്‍പ്പിച്ച ശേഷം ഡേ നൈറ്റ്‌ കഫെ ഹോട്ടലിനെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം  തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സുണ്ടോ, അവിടെയുള്ള ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടുണ്ടോ, സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ എപ്രകാരമാണ് സംസ്ക്കരിക്കുന്നത്, മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറുന്നുണ്ടോ, മലിന ജലമൊഴുക്കിവിടുന്നതിന് ശരിയായ മാനദണ്ഡങ്ങളനുസരിച്ച് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനും നിയമലംഘനങ്ങള്‍ കണ്ടെത്താനുമാണ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.

ഹോട്ടലുകളിലെ അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും നിലവില്‍ ഹെല്‍ത്തുകാര്‍ഡുകളുണ്ടെന്നും നിയമലംഘനങ്ങള്‍ താരതമ്യേന കുറവാണെന്നും മാലിന്യസംസ്ക്കരണത്തില്‍ ചെറിയ വീഴ്ച പറ്റിയ സ്ഥാപനങ്ങളെ പോലും കൃത്യമായി താക്കീത് ചെയ്തിട്ടുണ്ടെന്നുംഅധികൃതര്‍ വ്യക്തമാക്കി.

മതിയായ ശുചിത്വ സംവിധാനമില്ലാതെ പ്രവർത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ സ്ഥാപനങ്ങൾക്കും ഹെൽത്ത് കാർഡ് പുതുക്കാത്തവർക്കും അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.

നിയമലംഗനങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം കനത്ത പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. പഞ്ചായത്ത് ക്ലാർക്ക് സിബിൻ സതീഷ് ,ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ ബാബു ,അനുശ്രീ, ജെ.എച്.ഐ മാരായ ചിത്രലേഖ, പ്രകാശ്, മുരളി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.