മധ്യസ്ഥ ചര്‍ച്ചക്കിടെ അക്രമണം; കുറ്റ്യാടി മരുതോങ്കര കോതോട് ഡി‌വൈ‌എഫ്‌ഐ-സിപിഐഎം പ്രവര്‍ത്തര്‍ക്ക് മര്‍ദ്ദനമേറ്റു, മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍അറസ്റ്റില്‍


കുറ്റ്യാടി: മധ്യസ്ഥ ചര്‍ച്ചക്കിടെ മരുതോങ്കര കോതോട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡി‌വൈ‌എഫ്‌ഐ-സിപിഐഎം പ്രവര്‍ത്തകരെ അക്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഷിബിന്‍ ദാസ്, അശ്വിന്‍, അഭിനന്ദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സിപിഐഎം മാമ്പിലാട് താഴെ ബ്രാഞ്ച് അംഗം ദേവദാസിനെ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ രവീന്ദ്രന്‍, അര്‍ജ്ജുന്‍ ഈഴപറമ്പില്‍, നിജില്‍ വട്ടപ്പറമ്പില്‍ എന്നിവരെ തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി പിന്നീട് റിമാന്റ് ചെയ്തു.

വെള്ളിയാഴ്ച്ച രാത്രി 9മണിയോടെയാണ് സംഭവം. കോതോട് കഴിഞ്ഞ ദിവസം ഒരു കല്യാണവീട്ടില്‍ നടന്ന വാക്കു തര്‍ക്കവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ച നടക്കുന്നിനിടെയാണ് അക്രമണം ഉണ്ടായത്. ചര്‍ച്ചക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടിലുണ്ടായിരുന്ന മണ്‍വെട്ടി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ – സിപി ഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്.