അപകടകരമായ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുക; ഒഞ്ചിയത്തെ യുവാക്കളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ ശക്തമായ അന്വേഷണം വേണമെന്ന് ഡിവെെഎഫ്ഐ


ഒഞ്ചിയം: ഒഞ്ചിയത്ത് രണ്ട് യുവാക്കളുടെ മരണത്തിന് കാരണക്കാരയവരെ കണ്ടെത്താൻ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിവെെഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി. കുന്നുമ്മക്കരയിലും പരിസര പ്രദേശങ്ങളിലുമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാവുകയാണ്. ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയുമാണ് ഇവർ കൂടുതലായും ലക്ഷ്യം വെക്കുന്നതെന്നും ഡിവെെഎഫ്ഐ ആരോപിച്ചു.

ലഹരിയുടെ കെണിയിൽപ്പെട്ട് ദുരൂഹ മരണം സംഭവിക്കുന്നത് തുടർക്കഥയാവുകയാണ്. കുന്നുമ്മക്കര , ഓർക്കാട്ടേരി പ്രദേശങ്ങളിലെ രണ്ട് യുവാക്കൾ ഇന്നലെ ദാരുണമായ മരണത്തിന് കീഴടങ്ങി. ഈ അസ്വാഭാവിക മരണം നടന്ന പ്രദേശത്ത് നിന്നും പ്രാഥമികമായും കണ്ടെടുത്ത തെളിവുകളിൽ നിന്നും ലഹരിയുടെ ഉപയോഗം വ്യക്തമാണ്.

അതിനാൽ രണ്ടു ചെറുപ്പക്കാരുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ ശക്തമായ അന്വേഷണം നടത്തണം. കൂടാതെ പ്രാദേശിക ജാഗ്രതസമിതികളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാക്കണം. ഇത്തരം മാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ ശക്തമായ നിലപാടുകൾ എക്സൈസ്, പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുണ്ടാവണമെന്നും ഡിവെെഎഫ്ഐ ആവശ്യപ്പെട്ടു.