മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് പത്ത് അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് കോഴിക്കോട്- എറണാകുളം കെ.എസ്.ആർ.ടി.സി


മലപ്പുറം: തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റ്. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തിരൂരങ്ങാടിയിലെയും സമീപത്തെയും മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചു.

സീറ്റിൽ ഇരിക്കുന്നവർക്ക് പുറമെ ധാരാളം പേർ നിന്നും യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാട്ടുകാരും മറ്റു വാഹനങ്ങളിൽ വന്നവരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.