ടൂറിസ്റ്റ് ​ഗെെഡ്, യാത്ര കഴിഞ്ഞ് തിരികെ വരുമ്പോൾ നാട്ടിലെത്തിക്കുന്നത് എം.ഡി.എം.എ.യും സ്റ്റാമ്പുകളും; കോഴിക്കോട് വൻ വയക്കുമരുന്ന് വേട്ട


കോഴിക്കോട് : നഗരത്തിൽ രണ്ടിടങ്ങളിൽനിന്നായി എം.ഡി.എം.എ. ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ പിടികൂടി പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലൂർ ഇരിക്കാഞ്ചേരി പറമ്പിൽ ഇർഷാദ് (24) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂതങ്കര സ്വദേശി അൻഫാസിന്റെ (24) കൈയിൽനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് വിവരം ലഭിച്ചു. എന്നാൽ അൻഫാസ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

വീട്ടിൽനിന്ന് എം.ഡി.എം.എ. വിൽപ്പന നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇർഷാദിന്റെ പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 17.48 ഗ്രാം എം.ഡി.എം.എ.യും ഒരുലക്ഷം രൂപയും പിടികൂടി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾക്ക് മയക്കുമരുന്ന് ലഭിക്കുന്നത് എവിടെ നിന്നാണെന്നതിനെ കുറിച്ചുള്ള വിവരം ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് പൂതങ്കര സ്വദേശി അൻഫാസിന്റെ (24) വീട്ടിൽ നടത്തിയ പരിശോധനയിൽ 110.75 ഗ്രാം എം.ഡി.എം.എ.യും 0.734 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പുകളും 13,330 രൂപയും കണ്ടെത്തി. അൻസാഫ് പോലീസിനെ വെട്ടിച്ചുകടന്നുകളഞ്ഞു. ഇയാൾ ടൂറിസ്റ്റ് ഗൈഡാണെന്നും ഇതരസംസ്ഥാനങ്ങളിൽനിന്ന് തിരിച്ചുവരുമ്പോൾ വൻതോതിൽ എം.ഡി.എം.എ.യും സ്റ്റാമ്പുകളും നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയാണ് രീതിയെന്നും പോലീസ് പറഞ്ഞു. വിപണിയിൽ പത്തുലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് പിടികൂടിയിരിക്കുന്നത്.

സിറ്റി ഡി.സി.പി. അനൂജ് പലിവാളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ആന്റി നർക്കോട്ടിക് അസിസ്റ്റൻറ് കമ്മിഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. മനോജ് ഇടയേടത്ത്, എസ്.സി.പി.ഒ. അനീഷ് മുസ്സേൻ വീട്, അഖിലേഷ് കെ. സുനോജ്, ചേവായൂർ പോലീസ് എസ്.ഐ.മാരായ നിമിൻ കെ. ദിവാകരൻ, കെ.എ. പൗലോസ്, ഗ്രേഡ് എസ്.ഐ. സജി, എ.എസ്.ഐ. ദീപക് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.