കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു


കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന ആളാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കൂടാതെ മദ്യപിച്ച് ഓട്ടോയില്‍ മയങ്ങിക്കിടന്നിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പ്രതിയെ കുറിച്ച് വിവരമില്ലെന്നാണ് നിലവില്‍ പൊലീസ് അറിയിക്കുന്നത്. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.

കൊല്ലപ്പെട്ട ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കാർ ഏതാനും ദിവസം മുമ്പ് അജ്ഞാതർ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നടന്ന ഒരു കൊലപാതകക്കേസിൽ പ്രതിയാണ് ശ്രീകാന്ത്.