ഷോപ്പില്‍ വരുന്നവർ അറിയാതെ മറ്റു കമ്പനികളുടെ സിംകാര്‍ഡ് എടുക്കും, കെെമാറുന്നത് തട്ടിപ്പ് സംഘത്തിന്; 50,000 -ഓളം സിം കാ​ർഡുമായി യുവാവ് മലപ്പുറം സൈബർ ക്രൈം പോലീസിന്റെ പിടിയിൽ


മലപ്പുറം: ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചുകൊടുത്ത സംഘത്തിലെ മുഖ്യസൂത്രധാരനെ മലപ്പുറം സൈബർ ക്രൈം പോലീസ് പിടികൂടി. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് അബ്ദുൾ റോഷൻ എന്നയാളെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വ്യാജ ഷെയർമാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകിയ ആളാണ് അബ്ദുൾ റോഷൻ.

വേങ്ങര സ്വദേശി ഫെയ്സ്ബുക്കിലാണ് വ്യാജ ഷെയര്‍മാര്‍ക്കറ്റ് സൈറ്റിന്റെ ലിങ്ക് കണ്ടത്. ക്ലിക്ക് ചെയ്തപ്പോള്‍ വമ്പന്‍ ഓഫറുകള്‍ നല്‍കി വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചു. ലാഭവിഹിതം നല്‍കാതെ കബളിപ്പിച്ച് പണം തട്ടിയതാണ് കേസിനാസ്പദമായ സംഭവം.

സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന പ്രതിയെപ്പറ്റി സൂചന ലഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. വിവിധ മൊബൈൽ കമ്പനികളുടെ അമ്പതിനായിരത്തോളം സിംകാർഡുകളും 180 ൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിക്ക് തന്റെ പേരിൽ ഇത്തരത്തിൽ ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം അറിയുമായിരുന്നില്ല.

സിംകാര്‍ഡ് എടുക്കാന്‍ ഷോപ്പില്‍ എത്തുന്നവര്‍ അറിയാതെ അവരുടെ പേരില്‍ മറ്റു കമ്പനികളുടെയും സിമ്മുകള്‍ ഇയാള്‍ എടുക്കും. കാര്‍ഡുകള്‍ ആക്ടീവായാല്‍ തട്ടിപ്പുകാര്‍ക്ക് കൈമാറും. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ കൈക്കലാക്കിയ അമ്പതിനായിരത്തിൽ പരം സിംകാർഡുകൾ പ്രതി തട്ടിപ്പിന് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം.

ഡി സി ആർ ബി ഡിവൈ എസ് പി വി എസ് ഷാജുവിൻ്റെ നേതൃത്വത്തിൽ സൈബർ പോലീസ് ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജനും പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി, പോലീസ് ഉദ്യോഗസ്ഥരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം, മടിക്കേരി പോലീസ് സ്റ്റേഷനിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ധരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.