നിർണ്ണായകമായത് വീഡിയോ കോളിലെ 13 സെക്കന്റ് ദെെർഘ്യമുള്ള ദൃശ്യങ്ങൾ; പാനൂർ സ്വദേശിനി വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച


കണ്ണൂർ : പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിന് നിർണ്ണായകമായത് വീഡിയോ കോളിലെ ദൃശ്യങ്ങൾ. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്‍റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്.

മുന്‍കൂട്ടി പദ്ധതിയിട്ടാണ് ശ്യാംജിത്ത് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് സാധൂകരിക്കുന്നതിനായി സംഭവത്തിനു രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പറയുന്നത്. തനിക്ക് ഒന്നും പറയാനില്ലെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി.

2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. കേസിൽ 73 സാക്ഷികളാണുള്ളത്.  അപൂർവങ്ങളിൽ അപൂർവ്വമായ കേസ് എന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സ്നേഹിക്കാനും സ്നേഹം നിരസിക്കാനുമുള്ള പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നതാവണം വിധിയെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. ശിക്ഷാവിധിയിൽ ഇരു ഭാഗങ്ങളുടെയും വാദം കേട്ട കോടതി വിധി പ്രസ്താവിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

2022 ഒക്ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് ദാരുണ സംഭവമുണ്ടായത്. വീട്ടിൽ ആൺ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.

ശ്യാംജിത്തിനെ വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണുപ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഇയാളുടെ ചിത്രം സുഹൃത്ത് സ്ക്രീൻ റെക്കോർഡ് ചെയ്തിരുന്നു. ഇതും പൊലീസിന് നൽകിയിരുന്നു.

സ്വന്തമായി നിർമിച്ച ഇരുതല മൂർച്ചയുള്ള കത്തിയാണ് പ്രതി കൊല ചെയ്യൻ ഉപയോഗിച്ചത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊല ആസൂത്രണം ചെയ്തത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായത് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴികളായിരുന്നു. കൊലയ്ക്കു ശേഷം ബൈക്കിൽ കയറി രക്ഷപെട്ട പ്രതിയെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും നാട്ടുകാരോട് വിവരം തേടുകയും ചെയ്യുന്നതിനിടെയാണ് ഈ മൊഴി ലഭിക്കുന്നത്.