ഈയാംപാറ്റകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; പാറക്കടവ് ചെക്യാട് പഞ്ചായത്തിലെ ജീവനക്കാരുടെ കുടിവെള്ളം മുട്ടി


നാദാപുരം: പഞ്ചായത്ത് കോമ്പൗണ്ടിലെ കിണറില്‍ ഈയാംപാറ്റകള്‍ ചത്തൊടുങ്ങിയതോടെ ജീവനക്കാര്‍ കുടിവെള്ളമില്ലാതെ വലഞ്ഞു. പാറക്കടവ് ചെക്യാട് പഞ്ചായത്തിലെ കിണറിലാണ് ബുധനാഴ്ച ഈയാംപാറ്റകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കണ്ടത്.

പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് പുറമെ സമീപത്തെ കടകളിലുള്ളവരും ഈ കിണറില്‍ നിന്നാണ് കുടിക്കാന്‍ വെള്ളമെടുക്കുന്നത്. കിണറ്റില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വന്നതോടെ ജീവനക്കാര്‍ പരിശോധിക്കുകയായിരുന്നു.

കിണര്‍ വറ്റിക്കാനെത്തിയ തൊഴിലാളി കിണറിലിറങ്ങിയതോടെയാണ് ഈയാംപാറ്റകള്‍ ചത്തൊടുങ്ങിയത് കണ്ടത്. കിണറിന് സമീപത്തെ ഹൈമാസ് ലൈറ്റിന്റെ വെളിച്ചത്തില്‍ പറന്നെത്തിയ പാറ്റകള്‍ കിണറില്‍ വീഴുകയായിരുന്നു.