കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു


നാദാപുരം: ജമ്മു കശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു. നാദാപുരം പുത്തൻ പീടികയിൽ സഫുവാൻ ആണ് മരിച്ചത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ഇവര്‍ സഞ്ചരിച്ചിരന്ന ടെംപോ ട്രാവലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും സഫുവാൻ മരിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ട്രാവലറിലെ 16 യാത്രക്കാരില്‍ 12 പേരും മലയാളികളാണ് എന്നാണ് ലഭിക്കുന്ന വിവരം.

പരുക്കേറ്റവരെ ബനിഹാല്‍ എസ്ഡിഎച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ആറുപേരെ വിദഗ്ധ ചികിത്സയ്ക്കായി അനന്ദ്‌നാഗിലെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.